ഇന്നലകളെ മനോഹരമാക്കുന്ന കുറേ ഓർമ്മകളുണ്ട്. പ്രിയപ്പെട്ടവർ തന്ന മധുരങ്ങൾ . ഇന്നും ചേർത്തുപിടിച്ച് താലോലിക്കുന്നവ.
ഇടയ്ക്ക് എപ്പോഴോ ഓർമ്മകൾ വഴി മാറി ഓടി തുടങ്ങി. ആ യാത്ര ചെന്നെത്തിയത് പേരില്ലാത്ത കുറേ മുഖങ്ങളിലേക്ക്.. ഇല്ല , മുഖം പോലും വ്യക്തമായ് ഓർമ്മയില്ല. എന്റെ ആരുമല്ലാത്ത ആരൊക്കെയോ.. കാലം കരുതി വച്ച കണ്ടുമുട്ടുകളിൽ വന്നു ചേർന്നവർ . എവിടെക്കോ പോയി മറഞ്ഞവർ .
അമ്മമ്മയെ കാണാൻ മാസത്തിലൊരിക്കൽ മുടങ്ങാതെ വന്നിരുന്ന ഒരു തമിഴ് സ്ത്രീ . നിറയേ ഭക്ഷണവും കൊടുത്തു അവരെ യാത്രയാക്കാറുള്ളത് ഓർമ്മയുണ്ട്. നിറം മങ്ങിയ ചേലയും വലിയ വട്ട പൊട്ടും ഓർമ്മയുണ്ട്. തമിഴിൽ പരസ്പരം അവർ സംസാരിക്കും, ആ സ്ത്രീ കുറേ കരയും .പിന്നെ വരാം എന്നു പറഞ്ഞു ഇറങ്ങും. പൊതിഞ്ഞു കെട്ടിയ ഭക്ഷണവും , അമ്മമ്മ കൊടുത്ത പൈസയുമായ് അവർ പോകും. പെറ്റിക്കോട്ടിട്ട് ചുറ്റിപറ്റി കളിക്കണ എന്നെ നോക്കി ഏതാണ്ട് പറയും. ഒന്നും മനസ്സിലാവാതെ ഞാനങ്ങ് നിക്കും. തിരിച്ചു ഒരു ചിരിയോ മറുപടിയോ അവർ പ്രതീക്ഷിക്കുന്നുണ്ടാവില്ല. പിന്നെ അവർ വരാതായി. എവിടെ എന്നൊരിക്കലും ഞാൻ അന്വേഷിച്ചിട്ടില്ല. പക്ഷേ ഇന്നും അവ്യക്തമായ് അവരെ ഓർക്കുന്നുണ്ട്. വീടെന്ന നൊസ്റ്റാൾജിയ പിരിമുറുക്കം തരുന്ന ഏതോ നിമിഷത്തിൽ.
കുട്ടിക്കാലത്തെ ഓർമ്മകളിൽ ഉള്ള മറ്റൊരാൾ .. പേരറിയില്ല , ഇല്ല പേര് കൂട്ടി വിളിച്ച തിരുമേനി. മെല്ലിച്ച് കുറുകിയ ഒരാൾ, പാടവരമ്പത്തൂടെ പൂജയ്ക്ക് പോകുമ്പോൾ ഞാൻ നോക്കി നിൽക്കും - പ്രായത്തിന്റെ അവശതകൾ അന്നേ തോന്നും,അല്ല വിധിയുടെ പ്രഹരങ്ങൾ നേരിട്ട മനുഷ്യൻ. കണ്ടാൽ തരുന്ന സൗമ്യമായ പുഞ്ചിരി, സ്നേഹാന്വേഷണങ്ങൾ .സർപ്പക്കാവിലെ പൂജയ്ക്ക് വരുമ്പോൾ കൈയിൽ ആദ്യം സ്നേഹത്തൊടെ വച്ചു തരുന്ന അപ്പം പിന്നീടങ്ങോട്ട് അവകാശമായ് മാറിയിരുന്നു. പിന്നീട് എന്നോ മറന്നു തുടങ്ങി , ഒരിക്കൽ അച്ഛൻ പറഞ്ഞു അദ്ദേഹം മരണപ്പെട്ടുവെന്നു , മധുരം നിറഞ്ഞ നെയ്യപ്പത്തിന്റെ മണവും രുചിയും ഓർമ്മയിൽ നിറഞ്ഞു , പിന്നെ പാടവരമ്പത്തൂടെയുള്ള നടത്തവും.
സ്ക്കൂളിൽ നിന്നും തിരിച്ചുള്ള യാത്രകളിൽ പട്ടാണി കടലയും പുളി മിഠായിയും, തേൻ മിഠായിയുമൊക്കെ ഇടം പിടിക്കാറുണ്ട്. അമ്പലത്തിന്റെ ഇറക്കത്തിൽ ഉള്ള ഒരു ചെറിയ പെട്ടികട . അവിടെ ഉണ്ടാവാറുള്ള ഒരു അമ്മൂമ്മ . ചീത്ത പറയുന്ന ശൈലിയിലാണ് ഓരോന്നും എടുത്തു തരാറ്. സ്ക്കൂൾ ലൈഫ് തീർന്നപ്പോൾ ഇതും മറവിയിലേക്ക് മാറി. വർഷങ്ങൾ പോയ് മറഞ്ഞു.ഒരിക്കൽ ഹോസ്റ്റലിൽ നിന്നും വീട്ടിലേക്കുള്ള യാത്ര നടന്നിട്ടാവാൻ തീരുമാനിച്ചു. പെട്ടിക്കട ഉണ്ടായിരുന്ന സ്ഥലത്തിനും ചുറ്റുവട്ടത്തിനും മാറ്റം. ഇന്നോർക്കുമ്പോൾ തേൻ മിഠായി ഒരെണ്ണം ഉള്ളിൽ അലിയുന്നുണ്ട്.
സ്ക്കൂൾ യാത്രയിൽ തന്നെ കണ്ടിരുന്ന മറ്റൊരു മുഖം . മുഷിഞ്ഞ വസ്ത്രവും കൈയിലെ തീപ്പെട്ടി കൂടും. സദാ എന്തോ പറഞ്ഞു കൊണ്ട് അലക്ഷ്യമായ് നടക്കുന്നൊരാൾ . ഒരിക്കൽ അയാളെ ചൂണ്ടി ആരോ പറഞ്ഞു - അതാണ് പ്രാന്തൻ ബാലനെന്ന്. പേര് കിട്ടി, ഒപ്പം പേടിയും . അയാളുടെ നോട്ടങ്ങൾ ഭയപ്പെടുത്തി തുടങ്ങി. ഒറ്റയ്ക്ക് സ്ക്കൂൾ വിട്ട് വരുമ്പോ അയാളെ കണ്ടാൽ ഓട്ടം തുടങ്ങി. വീണിട്ടും പിന്നെയും ഏണീറ്റോടും . ഹോസ്റ്റൽ, കല്യാണം, പറിച്ചുനടൽ - അന്നു നടന്നു തീർത്ത വഴികൾ തന്നെ അപരിചിതമാണിന്ന്. ആ മറവിയിൽ (ഓർമ്മയിലല്ല) പ്രാന്തൻ ബാലനു എന്തു റോൾ ?
കോളേജിലേക്കുള്ള ബസ് യാത്രയിൽ കണ്ടുമുട്ടിയ ഒരമ്മൂമ്മയും അപ്പൂപ്പനും. നിർത്താതെ വർത്തമാനം പറയുന്ന ഒരാൾ ഗൗരവക്കാരനായ മറ്റൊരാൾ. ഇടയ്ക്ക് പെയ്ത മഴയും നിറഞ്ഞു നിന്ന മടിയും ഒരു ചെറു മയക്കം സമ്മാനിച്ചിരുന്നു. പാലക്കാടു ബസ് വന്നു നിന്നപ്പോൾ തട്ടിയുണർത്തിയ നേരത്താ ഇത്രയും നേരം,സുഖ നിദ്ര ആ അമ്മൂമ്മയുടെ തോളിലാരുന്നു എന്നു മനസ്സിലായത്. സോറി എന്നു പറഞ്ഞപ്പോൾ നെറുകയിൽ തലോടി ഇറങ്ങാറായി ആതാ വിളിച്ചുണർത്തിയത് എന്നു പറഞ്ഞപ്പോൾ തിരികേ നൽകാൻ ഒരു ചിരി മാത്രമേ ഉണ്ടായുള്ളൂ. ഇന്നും പാലക്കാടു യാത്രകളിൽ ചിരിയോർമ്മയായുണ്ടവർ. പേരറിയാത്തവർ.
ഇനിയുമുണ്ട് ഇങ്ങനെ ആരൊക്കെയോ… സാന്ത്വനിപ്പിച്ചവർ, ശാസിച്ചവർ, പേടിപ്പിച്ചവർ,പുഞ്ചിരി നൽകി സ്നേഹിച്ചവർ, പേരില്ലാതെ ചില മുഖങ്ങൾ മാത്രമായവർ.
മറന്നു പോയ വഴികളിലെവിടെയോ ഇവർ കാത്തു നിൽക്കുന്നുണ്ടാവാം.. ഓർമ്മകൾ പെയ്തുതോരുമ്പോൾ തിരികേ നടക്കാൻ. അല്ലെങ്കിലും ഇന്നലകളിലേക്കുള്ള നടത്തം സുഖം നിറഞ്ഞ ഒരു നോവാണ്. മറന്നു വച്ച എന്തോ, പ്രിയപ്പെട്ടതെന്തോ തേടിയുള്ള നടത്തം.
സവിത രേണു
🖋️ Savi